
റോം : യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് റോമില്‍ പ്രൗഢഗംഭീരമായ തുടക്കം. റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസിയ ബസിലിക്കയില്‍ വിവിധ വിദ്വത് സദസ്സുകളുടെയും ചടങ്ങുകളുടെയും അകമ്പടിയോടെയാണ് ദശവത്സരാഘോഷങ്ങള് നടക്കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് സുവര്‍ണ്ണ ചരിത്രമായി മാറുകയാണ്.
ആഘോഷങ്ങള്‍ ഇങ്ങനെ:
യൂറോപ്പിലെ സീറോമലബാര്‍ കമ്യൂണിറ്റികളുള്ള 26 രാജ്യങ്ങളിലെ പ്രതിനിധികള്‍ ശനിയാഴ്ച രാവിലെ 7.30ന് കൊര്ണേലിയയില് ഒത്തുകൂടും. ആഘോഷങ്ങളുടെ പ്രാരംഭമായി അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചെറപ്പണത്തിന്റെ നേതൃത്വത്തില്‍ അസീസിയിലേക്ക് പ്രത്യേക തീര്‍ത്ഥാടനം തുടങ്ങി.
വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും:
ഞായറാഴ്ച രാവിലെ 8.45ന് ആരാധനയോടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആരാധനയ്ക്ക് ജനറല്‍ കോ~ഓര്‍ഡിനേറ്റര്‍ റവ. ഡോ. ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് സാന്താ അനസ്താസിയ ബസിലിക്കയില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, മാര്‍ സ്ററീഫന്‍ ചെറപ്പണത്ത് എന്നിവര്‍ക്കൊപ്പം നിരവധി വൈദികശ്രേഷ്ഠരും സന്യസ്തരും വിശ്വാസികളും വിശുദ്ധ ബലിയില്‍ പങ്കുചേരും.

പൊതുസമ്മേളനവും നേതൃത്വവും:
11.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മുഖ്യപ്രഭാഷണവും മാര്‍ സ്ററീഫന്‍ ചെറപ്പണത്ത് ആമുഖപ്രഭാഷണവും നടത്തും.തുടര്‍ന്ന് യുവജനങ്ങള്‍ അവതരിപ്പിക്കുന്ന 'കൃപയുടെ പത്തുവര്ഷങ്ങള്' എന്ന പ്രത്യേക കലാപരിപാടിയും അരങ്ങേറും.
കോ~ഓര്‍ഡിനേറ്റര്‍ ജനറല്‍ റവ. ഡോ. ക്ളമന്റ് ചിറയത്ത് സ്വാഗതവും ഫാ. ഡോ. ബിനോജ് മുളവരിക്കല്‍ നന്ദിയും അര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് 4.30ന് ദോമുസ് മാര്‍ത്തോമയില്‍ യൂറോപ്പിലെ 26 രാജ്യങ്ങളില്‍നിന്നു വന്ന പ്രതിനിധികളുടെ സംഗമം നടക്കും. പത്തുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പുതിയ കര്‍മപദ്ധതികളുടെ പ്രകാശനം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
പതിറ്റാണ്ടിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍:
പത്തുവര്‍ഷം മുന്‍പ് 89 കുര്‍ബാന കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന വിശ്വാസി സമൂഹം, ഇന്ന് യൂറോപ്പിലെ 26 രാജ്യങ്ങളിലായി 180 സജീവ വിശ്വാസി സമൂഹങ്ങളായി വളര്‍ന്നിരിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. 2016~ല്‍ 42 വൈദികര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 102 വൈദികര്‍ യൂറോപ്പിലുടനീളം അജപാലന ശുശ്രൂഷകളില്‍ പങ്കാളികളാകുന്നുണ്ട്. സീറോമലബാര്‍ സഭയുടെ ആരാധനാ പാരമ്പര്യവും ആത്മീയ പൈതൃകവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ അപ്പസ്തോലിക് വിസിറ്റേഷന്‍ വഹിക്കുന്ന പങ്ക് വലുതാണ്. സീറോമലബാര്‍ സഭയുടെ ആരാധനയ്ക്കായി മാര്‍പാപ്പ അനുവദിച്ച സാന്താ അനസ്താസിയ ബസിലിക്കയില്‍ ഒത്തുകൂടിയ പ്രവാസി സമൂഹം ഈ ദശവര്ഷാഘോഷത്തെ വലിയൊരു വിശ്വാസോത്സവമാക്കി മാറ്റിയിരിക്കുകയാണ്.

Comments: